ആദ്യ നാളുകളിലെ മാധുര്യം കഴിഞ്ഞാല്‍ പലര്‍ക്കും വിവാഹജീവിതം അത്ര രസകരമായിരിക്കില്ല. തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന ഒന്നായിരിക്കും അത്. അതില്‍ സ്‌നേഹത്തിനൊപ്പം കലഹവും പ്രശ്നങ്ങളും ടെന്‍ഷനും പ്രാരാബ്‌ധങ്ങളുമൊക്കെ പതിവായിരിക്കും. എന്നാല്‍ ഇത്തരം തട്ടലും മുട്ടലുമൊക്കെ ഒഴിവാക്കി വിവാഹജീവിതം എന്നും മധുരതരമാക്കാന്‍ ചില വഴികളുണ്ട്. അത്തരം അഞ്ചു വഴികള്‍ ചുവടെ കൊടുത്തിരിക്കുന്നു.
1, പുതിയ ഓര്‍മ്മകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുക- ഭൂതകാലത്തിലെ മോശം ഓര്‍മ്മകള്‍ ഒരു ബന്ധത്തിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കും. മധുരതരമായ പുതിയ പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കണം. കുട്ടികള്‍ ഉള്‍പ്പടെയുള്ളത് ജീവിതത്തിലേക്ക് വരുന്നത് വിവാഹജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കും. പഴയ കാര്യങ്ങള്‍ ചികഞ്ഞെടുത്ത് ചര്‍ച്ച ചെയ്യാതിരിക്കുക.
2, പങ്കാളിയുമായി ആശയവിനിമയം നടത്തുക- എത്ര ജോലിത്തിരക്കായാലും പങ്കാളിയുമായി ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും ബന്ധപ്പെടുക. താന്‍ അവരെ സ്നേഹിക്കുന്നുണ്ടെന്നും, അവര്‍ നല്കുന്ന സഹായത്തെ പ്രശംസിക്കാനും മറക്കാതിരിക്കുക. ഇതിന് ഫോണ്‍ സന്ദേശമോ, സോഷ്യല്‍മീഡിയ ചാറ്റോ വാട്ട്സ്ആപ്പോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. കഴിവതും നേരിട്ട് വിളിക്കാന്‍ ശ്രമിക്കുക. ഇതൊക്കെ വിവാഹജീവിതം ഊഷ്‌മളമാക്കും.
3, പരസ്‌പരം മനസിലാക്കുക- ജോലിത്തിരക്ക് കാരണം പങ്കാളിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇത് വിവാഹജീവിതത്തില്‍ കല്ലുകടിയുണ്ടാക്കും. അതുകൊണ്ടുതന്നെ പങ്കാളിയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാന്‍ തയ്യാറാകുക. ഇത് വിവാഹജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കി മുന്നോട്ടുകൊണ്ടുപോകും.
4, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക- ജോലിത്തിരക്ക് കാരണം കുടുംബത്തിന്റെ കാര്യം അന്വേഷിക്കാന്‍ പലര്‍ക്കും സമയം ലഭിക്കാറില്ല. ഇത് ദാമ്പത്യജീവിതത്തെ സാരമായി ബാധിച്ചേക്കാം. പങ്കാളിയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ എപ്പോഴും അന്വേഷിക്കുകയും ആവശ്യമെങ്കില്‍ ഇടപെടുകയും വേണം. അവരോടൊപ്പം ബീച്ചിലും പാര്‍ക്കിലും സിനിമയ്ക്കുമൊക്കെ പോകാന്‍ സമയം കണ്ടെത്തുക. ഇതൊക്കെ വിവാഹജീവിതത്തെ കൂടുതല്‍ ആനന്ദകരമാക്കുന്നു.
5, ലൈംഗികബന്ധത്തിന് സമയം കണ്ടെത്തുക- ലൈംഗികത ദാമ്പത്യജീവിതത്തില്‍ നിര്‍ണായകമാണെന്ന് അറിയുക. ജീവിതത്തിലെ തിരക്കുകളും, ക്ഷീണവും കാരണം രാത്രികളില്‍ ലൈംഗികബന്ധം സാധ്യമാകുന്നില്ലയെങ്കില്‍, അതിനായി സമയം കണ്ടെത്തുകതന്നെ വേണം. വിവാഹ ജീവിതം ഊഷ്‌മളമാക്കാന്‍ ഇത് അത്യാവശ്യമാണ്.